വിശ്വാസികളുടെ കാത്തിരിപ്പിന്ന് വിരാമവും പ്രാര്‍ത്ഥനക്ക് ഉത്തരവുമായി വീണ്ടും സമാഗതമാവുകയാണ് പുണ്യറമദാന്. സത്യമാര്ഗദര്ശനത്തിന്റെ സന്ദേശം പുതുക്കി, പാപമോചനത്തിന്റെയും ദിവ്യകാരുണ്യത്തിന്റെയും വാഗ്ദാനങ്ങളുമായി വീണ്ടും വിരുന്നെത്തുന്ന പുണ്യമാസം അവരുടെ ഹൃത്തടങ്ങളില്‍ പ്രതീക്ഷയുടെ പ്രകാശം നിറക്കുകയായി.
അന്നപാനകാമാദികള് പകലന്തിയോളം വെടിഞ്ഞ്, പാപങ്ങള്‍ കഴുകിക്കളഞ്ഞ്, പുണ്യങ്ങള്‍ വര്‍ധിപ്പിച്ച്, സ്രഷ്ടാവും യജമാനനുമായ അല്ലാഹുവിലേക്ക് അടുക്കേണ്ട നാളുകള്‍. അനാവശ്യ സംസാരങ്ങളില്‍ നിന്നും വിലക്കപ്പെട്ട പ്രവര്‍ത്തനങ്ങളില്‍നിന്നും പൂര്‍ണമായി വിട്ടുനിന്ന്, വിശ്വാസത്തിന്റെ താത്പര്യങ്ങള്‍ ജീവിതം മുഴുക്കെ പാലിക്കാന്‍ പരിശീലനം നേടേണ്ട ദിനങ്ങള്‍.
സഹോദരങ്ങളെ, ഇതൊരവസരമാണ്. സ്വര്‍ഗകവാടങ്ങള്‍ നമുക്കായി തുറക്കപ്പെട്ടിരിക്കുന്നു. നന്മ പ്രവര്‍ത്തിച്ചും പ്രേരിപ്പിച്ചും പ്രചരിപ്പിച്ചും സ്വര്‍ഗത്തിന്റെ പാതയില്‍ നമുക്ക് ഒരുമിച്ചു നീങ്ങാം. റയ്യാന്‍ വാതിലിലൂടെ സ്വര്‍ഗത്തിലേക്ക് ക്ഷണിക്കപ്പെടുന്ന നോമ്പുകാരില്‍ ഉള്‍പ്പെടാനായി ഈ റമദാനില്‍ നമുക്കല്പം ശ്രദ്ധ വെക്കാം.
നോമ്പു വയറിനു മാത്രമാവരുത്.. കണ്ണിനും കാതിനും നാവിനും കൈകാലുകള്‍ക്കും മനസ്സിനും എല്ലാം നോമ്പുണ്ടാവട്ടെ. വാക്കിലും നോക്കിലും അനക്കത്തിലും അടക്കത്തിലും അത് നിറഞ്ഞു നില്ക്കട്ടെ. ഉദ്ദേശ്യശുദ്ധിയുള്ള നോമ്പ്, സമയംതെറ്റാതെയും കഴിവതും പള്ളിയിലെ ജമാഅത്തില്‍ ചേര്‍ന്നുമുള്ള ഫര്‍ദ് നമസ്കാരങ്ങള്‍, അനുബന്ധമായ സുന്നത്ത് നമസ്കാരങ്ങള്‍, ദിക്റുകള്‍, തറാവീഹ്-ഖിയാമുല്ലൈല് നമസ്കാരം, ഖുര്‍'ആന്‍-ഹദീസ് പഠന-പാരായണം, പാപമോചനത്തിനും നരകമുക്തിക്കും സ്വര്ഗ്ഗപ്രവേശനത്തിനുമുളള അകമഴിഞ്ഞ പ്രാര്‍ത്ഥനകള്‍, ഉദാരമായ ദാനധര്‍മങ്ങള്‍, പരോപകാര പ്രവര്‍ത്തനങ്ങള്‍, പ്രതിഫലമാഗ്രഹിച്ചും പാവങ്ങളെ പരിഗണിച്ചുമുള്ള നോമ്പുതുറകള്‍, ഉപകാരമുള്ള അറിവിന്നായി ഗ്രന്ഥപാരായണം, പഠനസദസ്സുകളിലെ പങ്കാളിത്തം, രോഗസന്ദര്‍ശനം, കുടുംബബന്ധം ചേര്‍ക്കല്‍, ദൈവമാര്‍ഗത്തിലുള്ള പരിശ്രമങ്ങള്‍, ദൈനംദിന കര്‍മങ്ങളിലും ജീവിതരീതികളിലും ആരാധനകളിലും എല്ലാം നബിചര്യ പിന്‍പറ്റല്‍, കഴിയുന്നത്ര സമയം പള്ളിയില്‍ ആരാധനക്കായി ഒഴിഞ്ഞിരിക്കല്‍ (പ്രത്യേകിച്ചും അവസാന പത്തില്‍ ഇ'തികാഫ് ഇരിക്കല്‍), സാധിക്കുന്നവര്‍ മക്കയില്‍ പോയി ഉംറ ചെയ്യല്‍.... പുണ്യത്തിന്റെ എത്രയെത്ര തുറകളാണ് നമുക്ക് മുന്നില്‍ പരന്നുകിടക്കുന്നത്!
സദ്സ്വഭാവമാണ് ഏറ്റവും വലിയ നന്മയെന്നും സഹോദരനെ പുഞ്ചിരിക്കുന്ന മുഖത്തോടെ കണ്ടുമുട്ടുന്നതുപോലും ധര്മമാണെന്നുമുള്ള നബിവചനങ്ങള്‍ ഓര്‍ക്കുക. വിനയം, വിട്ടുവീഴ്ച, സൌമ്യത, സത്യസന്ധത, ക്ഷമ, അനുകമ്പ തുടങ്ങിയ അലങ്കാരങ്ങള്‍ അണിയുക. നേരിലും നെറ്റിലും കൈമാറുന്നതും പങ്കുവെക്കുന്നതുമെല്ലാം നന്മയും പുണ്യവും മാത്രമാക്കാന്‍ ശ്രദ്ധിക്കുക. ഈ വക സദ്ഗുണങ്ങളും സദ്കര്‍മങ്ങളും റമദാന് സ്പെഷ്യല്‍ ആക്കാതെ തുടര്‍ന്നുള്ള ജീവിതത്തിലും കഴിവതും നിലനിര്‍ത്താനുള്ള ആഗ്രഹവും പരിശ്രമവും കാത്തുസൂക്ഷിക്കുക.
അന്യരുടെ അവകാശങ്ങളും മുറിച്ചുകളഞ്ഞ ബന്ധങ്ങളും നമ്മുടെ കര്‍മങ്ങള്‍ അല്ലാഹുവിലേക്ക് ഉയര്‍ത്തപ്പെടുന്നതിനു തടസ്സമാണെന്നു മനസ്സിലാക്കുക. അവകാശങ്ങള്‍ തിരിച്ചേല്‍പ്പിക്കുക. പിണക്കങ്ങള്‍ അവസാനിപ്പിക്കുക. ബന്ധങ്ങള്‍ നന്നാക്കുക. കുടുംബങ്ങള്‍, അയല്പക്കം, സുഹൃത്തുക്കള്‍, സഹപ്രവര്‍ത്തകര്‍, സഹപാഠികള്‍..നാം ബന്ധപ്പെടുന്ന ഏതു മേഖലയിലും നമ്മുടെ ബന്ധങ്ങളും ഇടപാടുകളും കളങ്കമറ്റതാണെന്ന് ഉറപ്പുവരുത്തുക. മാതാപിതാക്കളോടുള്ള പരിഗണനയില്‍ വീഴ്ച വരാതെ നോക്കുക. അവരുടെ തൃപ്തിയിലാണ് റബ്ബിന്റെ തൃപ്തി; അവരുടെ കോപത്തിലാണ് അല്ലാഹുവിന്റെ കോപം.
തഖ്വ അഥവാ ഭയഭക്തിയും ധര്‍മനിഷ്ഠയും ആര്ജ്ജിക്കലാണല്ലോ നോമ്പിന്റെ ലക്ഷ്യം. അതിനു നിരക്കാത്തതോ തടസ്സമാകുന്നതോ ആയ യാതൊന്നും നമ്മുടെ ജീവിതത്തില്‍ വരാതെ സൂക്ഷിക്കല്‍ നോമ്പിന്റെ ഫലപ്രാപ്തിക്ക് അനിവാര്യമാണ്. അടുത്ത പതിനൊന്നു മാസക്കാലം സ്വയം നേരെനയിക്കാനുള്ള വിശ്വാസശക്തിയും ആത്മസംസ്കരണവും സമാര്ജ്ജിക്കേണ്ട റമദാനില്‍ പോലും ധര്‍മനിഷ്ഠ പാലിക്കാന്‍ നമുക്കാവില്ലെന്നു വന്നാല്‍ നമ്മുടെ നോമ്പ് എത്ര നിഷ്ഫലം! എത്ര നിരര്‍ത്ഥകം! അതിനാല്‍ നിഷിദ്ധങ്ങളില്‍ നിന്ന് മാത്രമല്ല, അതിലേക്കു വഴിവെക്കുന്നവയില് നിന്നും അകന്നുനില്ക്കുക. അഹങ്കാരം, നിന്ദ, കോപം, പക, കാപട്യം തുടങ്ങിയ ദുര്‍ഗുണങ്ങള്‍ വെടിയുക. എല്ലാ വേണ്ടാതീനങ്ങള്‍ക്കും റമദാനില്‍ തത്കാല അവധി കൊടുത്ത്, റമദാനിനു ശേഷം അവയിലേക്കു തന്നെ മടങ്ങാനുള്ള ആഗ്രഹവും അജണ്ടയും മനസ്സിലൊതുക്കി നടക്കുന്ന പരിപാടി ആത്മവഞ്ചനയാണെന്നും ഈ കപടഭക്തി നഷ്ടമല്ലാതെ മറ്റൊന്നും വര്‍ധിപ്പിക്കില്ലെന്നും അറിഞ്ഞിരിക്കുക.
തൌബ അഥവാ പശ്ചാത്താപം വിശ്വാസിയുടെ സന്തത സവിശേഷതയാണ്. തൌബയുടെ മാസമായ റമദാനില്‍ അകമറിഞ്ഞ ഖേദവുമായി നാഥനിലേക്ക് തിരിയുക. വന്നുപോയ ചെറുതും വലുതുമായ പാപങ്ങള്‍ എണ്ണിയെണ്ണി ഏറ്റുപറയാന്‍ ഏകാന്തമായ അവസരങ്ങള്‍ കണ്ടെത്തുക.
സന്മാര്ഗദര്ശകമായ ഖുര്‍'ആനിന്റെ അവതരണം കൊണ്ടാണല്ലോ റമദാന് ഏറെ പവിത്രമായിരിക്കുന്നത്. അതിന്റെ പേരിലാണ് നാം വ്രതമനുഷ്ടിക്കാന്‍ കല്പിക്കപ്പെട്ടിരിക്കുന്നതും. മുറതെറ്റാതെ വ്രതമനുഷ്ടിക്കുന്നവരില്തന്നെ നല്ലൊരു പങ്കും മാനവതയുടെ മാര്‍ഗദീപമായ ഖുര്‍'ആനിന്റെ സന്ദേശം എന്തെന്ന് ജീവിതത്തില്‍ ഒരിക്കലെങ്കിലും വായിച്ചറിയാന്‍ ശ്രമിച്ചിട്ടില്ലാത്തവരാണെന്ന വസ്തുത എത്ര വിചിത്രം! ഖുര്‍'ആന്‍ അര്‍ത്ഥസഹിതം പാരായണം ചെയ്യാനും ആഴത്തിലുള്ള പഠനത്തിനു തുടക്കം കുറിക്കാനും ഈ റമദാനില്‍ നാം അവസരം കണ്ടെത്തുക.
എത്ര വേഗമാണ് വീണ്ടും റമദാന് വന്നതെന്ന് നമ്മില്‍ പലരും പറയും. നാളുകള്‍ കഴിയുമ്പോള്‍, എത്ര വേഗമാണ് റമദാന് കടന്നുപോയത് എന്നും നാം തന്നെ പറയും. എന്നാല്‍ റമദാന് നമ്മില്‍ എന്തു മാറ്റമുണ്ടാക്കി എന്ന് പരിശോധിക്കാന്‍ മിക്കവാറും നാം മറന്നുപോകുകയും ചെയ്യും. ഈ റമദാന് നമ്മെ ഓരോരുത്തരെയും പുതിയ മനുഷ്യരാക്കണം. നവീകരിക്കപ്പെട്ട വിശ്വാസവും വിമലീകരിക്കപ്പെട്ട മനസ്സും നന്മയോട് ആഭിമുഖ്യവും തിന്മയോട് വെറുപ്പുമുള്ള നല്ല മനുഷ്യര്‍. അല്ലാഹുവോടും അവന്റെ വേദത്തോടും പ്രവാചകരോടും അവിടുത്തെ ചര്യയോടുമുള്ള പ്രതിപത്തിയും, പ്രലോഭനങ്ങളിലും പ്രകോപനങ്ങളിലും പിടിച്ചുനില്‍ക്കാനുള്ള മനക്കരുത്തും, പരലോകത്ത് പുലരാനിരിക്കുന്ന പ്രതിഫലവാഗ്ദാനങ്ങളിലുള്ള പ്രത്യാശയും മേല്ക്കുമേല് വര്‍ധിച്ച പുതിയ മനുഷ്യര്‍.
അവസരങ്ങള്‍ അല്ലാഹു അനുഗ്രഹിച്ചു തരുന്നതാണ്. അവ ആവര്ത്തിച്ചുകൊള്ളണമെന്നില്ല. ഇന്നത്തെ പത്രത്തിലുമുണ്ട് ചരമവാര്‍ത്തകള്‍; നാളെയുമുണ്ടാവാം. അവയിലൊന്ന് നമ്മുടെ മരണവാര്ത്തയായിക്കൂടെന്നില്ല. അടുത്ത റമദാനില്‍ നാമുണ്ടാവുമോ? പോകട്ടെ.. ഈ റമദാന് തന്നെ പൂര്‍ത്തിയാക്കാന്‍ നമുക്കാവുമോ? ഉറപ്പില്ല. അതിനാല്‍ ഒന്നും നീട്ടിവെക്കാതിരിക്കുക. ഈ റമദാന് ഒട്ടും പാഴാക്കാതിരിക്കുക. റയ്യാന്‍ കവാടത്തിലെ വരവേല്പും അതിനപ്പുറത്തെ സ്വര്‍ഗലോകവും, അല്ലാഹു ഉദ്ദേശിച്ചാല്‍ നമുക്കുള്ളതാണെന്ന് ഉറച്ചുവിശ്വസിക്കുക. അല്ലാഹു അനുഗ്രഹിക്കട്ടെ
കളിതമാശകളില്‍ മുഴുകിയും ആവശ്യത്തിലേറെ ഉറങ്ങിയും ടെലിവിഷന്‍ മുന്നില്‍ ചടഞ്ഞിരുന്നും അങ്ങാടികളില്‍ അലഞ്ഞു നടന്നും കളഞ്ഞുകുളിക്കാനുള്ളതല്ല വിശ്വാസിക്ക് ഈ സുവര്‍ണാവസരം. റമദാനില്‍ ജീവിച്ചിരുന്നിട്ട് പാപമുക്തി നേടാനാവാത്തവന്‍ ദിവ്യകാരുണ്യത്തില്‍നിന്ന് അകറ്റപ്പെടട്ടേ എന്ന ജിബ്രീല്‍(അ)ന്റെ പ്രാര്‍ത്ഥനയും അതിനുള്ള തിരുനബി(സ)യുടെ ആമീനും നമ്മുടെ മനസ്സില്‍ മുഴങ്ങിക്കൊണ്ടേയിരിക്കട്ടെ.
No comments:
Post a Comment